ന്യൂഡൽഹി: ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പോലീസുകാർ തങ്ങളെ മർദിച്ചതായി ഡൽഹിയിലെ ജന്തർമന്തറിൽ ഗുസ്തിക്കാർ ആരോപിച്ചു. സമരസ്ഥലത്തേക്ക് മടക്കിവെക്കാനുള്ള കിടക്കകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ തങ്ങളെ ആക്രമിച്ചതായി ഗുസ്തിക്കാർ അവകാശപ്പെടുന്നു.
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജന്തർ മന്തറിൽ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. ഗുസ്തി താരങ്ങൾ സമരം ചെയ്യുന്ന വേദിയിലേക്ക് മാധ്യമങ്ങൾക്കും പ്രവേശനമില്ല എന്ന് പൊലീസ്. രാവിലെ 9 മണിയോടെ പിന്തുണയ്ക്കുന്ന എല്ലാവരോടും സമര പന്തലിൽ എത്താൻ താരങ്ങൾ ആഹ്വാനം ചെയ്തു. ഇനിയും നടപടികൾ നീളുകയാണെങ്കിൽ എല്ലാ താരങ്ങളും നേടിയ മെഡലുകൾ രാഷ്ട്രപതിക്ക് തിരിച്ചു നൽകി കളി നിർത്തും എന്നും സമരക്കാർ പറഞ്ഞു. കൂടുതൽ സംഘടനകൾ ഇന്ന് പിന്തുണയുമായി ജന്തർ മന്തറിൽ എത്തും.
സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട. ഇയാളെ ചികിത്സിക്കാൻ പൊലീസ് സമര പന്തലിൽ എത്തി. അതിക്രമം എന്തിനെന്ന് പോലീസ് മറുപടി പറയണമെന്ന് ബജ്റംഗ് പൂനിയ പറഞ്ഞു. വനിതാ തരങ്ങളോട് അടക്കം മോശമായി പെരുമാറി. നനഞ്ഞ കിടക്ക മാറ്റുന്നതിന് എതിരെയാണ് പൊലീസ് നടപടിയുണ്ടായത്. രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിലാണ്. സമരം ശക്തമായി തുടരും. ഇന്ന് നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും ബജ്റംഗ് പൂനിയ പറഞ്ഞു.