തൃശൂർ; കറിവേപ്പില പറിക്കാൻ പോകുന്നതിനിടെ ഉപയോഗശൂന്യമായി കിടന്ന സെപ്റ്റിക് ടാങ്കിൽ വീണ രണ്ടു വയസ്സുകാരിയെയും അമ്മൂമ്മയേയും അഗ്നിരക്ഷാസേന രക്ഷിച്ചു. ഒല്ലൂർ കമ്പനിപ്പടി ഫാത്തിമ നഗറിലെ 62 വയസ്സുകാരി റീനയും മകളുടെ കുട്ടി കെസിയയുമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
ഇവരുടെ വീടിനു പിന്നിലെ അയൽവാസിയുടെ പറമ്പിലെ ടാങ്കിലാണ് ഇരുവരും വീണത്. ടാങ്കിന്റെ പഴകിദ്രവിച്ച സ്ലാബിൽ ചവിട്ടിയതോടെ സ്ലാബ് തകർന്ന് ഇരുവരും വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിവന്ന വീട്ടുകാരും സമീപത്തുള്ളവരും രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വിവരമറിഞ്ഞ് ഉടനെ തൃശ്ശൂരിൽനിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയെത്തി. മുപ്പതടിയോളം വരുന്ന കോണിയുമായി ടാങ്കിലിറങ്ങിയ സംഘം ആദ്യം കുഞ്ഞിനെയാണ് പുറത്തെത്തിച്ചത്. കുഞ്ഞിന് കാര്യമായി പരിക്കില്ലായിരുന്നു. റീനയുടെ കാലിനും ഇടുപ്പിനും പരിക്കേറ്റു. ഒരു മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിക്കാനായത്.