നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവം എടുക്കുന്നതിനിടെ വീഴ്ച പറ്റിയെന്ന പരാതിയിന്മേല് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
കഴിഞ്ഞ മാര്‍ച്ച് 27 നാണ് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. ജനിച്ചപ്പോൾ മുതൽ കുഞ്ഞിന് ഇടത് കൈ അനക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇക്കാര്യം അറിയിച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ ശരിയാകുമെന്നായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് കുഞ്ഞിന്റെ കൈയ്ക്ക് പൊട്ടലുണ്ടായതായി കണ്ടെത്തിയത്. പ്രസവസമയത്ത് കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാകാം എല്ല് പൊട്ടാന്‍ കാരണമായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രസവസമയത്ത് ലേബര്‍ റൂമില്‍ ജൂനിയര്‍ ഡോക്ടര്‍മാരും നഴ്സുമാരും മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എല്ല് പൊട്ടല്‍ മാറിയെങ്കിലും ഞരമ്പ് വലിഞ്ഞതിനാല്‍ ഇത് ഭേദമാകാന്‍ ഇനിയും സമയമെടുക്കും. കുഞ്ഞിന്റെ ഇടത് കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടർന്നാണ് നടപടി.