ചെന്നൈ ∙ പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോ ബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികിൽസയെത്തുടർന്നു വിശ്രമത്തിലായിരുന്നു.
പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി സിനിമയിൽ എത്തിയ മനോബാല 1982 ൽ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു..