പാരീസ്: സൂപ്പർ താരം ലയണൽ മെസിക്കെതിരെ പാരീസ് സെയ്ന്റ് ജർമ്മൻ ക്ലബ് നടപടിയെടുത്തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്. രണ്ടാഴ്ചത്തേക്ക് ക്ലബിൽ നിന്ന് മെസിയെ സസ്പെന്റ് ചെയ്തു. സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി.
സസ്പെൻഷൻ കാലയളവിലെ പ്രതിഫലം പി.എസ്.ജി മെസിക്ക് നൽകില്ല. താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാകും. സസ്പെൻഷൻ കാലാവധിക്ക് ശേഷം തിരികെ എത്തുമ്പോൾ മൂന്ന് മത്സരങ്ങളിൽ മാത്രമേ മെസിക്ക് കളിക്കാനാവൂ. മെസിയുടെ സൗദി സന്ദർശനത്തിന് മാനേജർ ക്രിസ്റ്റഫ് ഗാട്ട്ലിയറും സ്പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും അനുമതി നൽകിയിരുന്നില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങൾ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് മെസി സൗദി സന്ദർശിച്ചത്. മെസ്സിയെ ടീമിലെത്തിക്കാൻ സൗദിയിലെ അൽ ഹിലാൽ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. എന്നാൽ, ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്സലോണയിലേക്ക് തിരിച്ചു പോകുമെന്നാണ് കരുതുന്നത്.