കോട്ടയം: സൈബർ ആക്രമണത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. അരുൺ കോയമ്പത്തൂരിലാണെന്നാണ് സൂചന. ഫോൺ സ്വിച്ച് ഓഫ് ചെയ്യും മുമ്പ് കോയമ്പത്തൂരിലായിരുന്നു അരുണിന്റെ ലൊക്കേഷൻ ലഭിച്ചത്. പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കോട്ടയം പൊലീസിന്റെ രണ്ടു സംഘങ്ങൾ തമിഴ്നാട്ടിൽ തുടരുകയാണ്.
അരുണിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. അരുൺ ആതിരയ്ക്കെതിരേ ഫേയ്സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരിൽനിന്നാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. അന്വേഷണം നടക്കുന്നതിനിടെ ആതിരയ്ക്കെതിരേയുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകൾ എല്ലാം പിൻവലിച്ചിട്ടുണ്ട്.
കോന്നല്ലൂർ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബർ ആക്രമണത്തിൽ മനംനൊന്ത് കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. കോട്ടയത്തെ സോഫ്റ്റ്വേർ കമ്പനിയിലെ ജീവനക്കാരിയായിരുന്നു അരുൺ. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുൺ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭർത്താവും മണിപ്പൂർ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി പോസ്റ്റുകൾ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.