ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യൻ എംബസി പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
‘ഖാര്‍തൂം നഗരത്തിലെ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി താത്ക്കാലികമായി പോര്‍ട്ട് സുഡാനിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കൂടുതല്‍ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും’- ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
+249 999163790; +249 119592986; +249 915028256 എന്നീ നമ്പറുകളിലും cons1.khartoum@mea.gov.in എന്ന ജി മെയില്‍ ഐഡിയിലും എംബസിയുമായി ബന്ധപ്പെടാന്‍ സാധിക്കും.
അതിനിടെ, ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും ഒഴിപ്പിച്ച 231 പേർ കൂടി ഇന്ന് രാജ്യത്ത് തിരിച്ചെത്തി. രാവിലെയാണ് ജിദ്ദയിൽ നിന്നും ഇത്രയും പേരെ അഹമ്മദാബാദിൽ വിമാനത്തിൽ എത്തിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സുഡാനിൽ നിന്നും രാജ്യത്ത് തിരിച്ചെത്തിയവരുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറ് കടന്നു. ഇതുവരെ മൂവായിരത്തോളം പേരെ സുഡാനിൽ നിന്നും ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ചെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
രാജ്യത്തെ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടം സുഡാനെ തീർത്തും യുദ്ധഭൂമിയാക്കിയിരിക്കുകയാണ്. കലാപത്തിൽ 400 ഓളം പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു.