ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ ബജ്‌റങ്ദള്‍ നിരോധനമെന്ന വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാന്‍റെ നാട്ടിൽ ആദരവ് അര്‍പ്പിക്കാനായി താൻ എത്തിയപ്പോൾ ‘ജയ് ബജ്‌റംഗ്ബലി’ എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടനപത്രികയുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ തന്നെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ “ജയ് ബജ്‌റംഗ്ബലി” എന്ന് വിളിക്കുന്നവരെയും എതിർക്കുകയാണെന്ന് മോദി പറഞ്ഞു.
ഈ രാജ്യത്തിന്‍റെ പൈതൃകത്തിൽ കോൺഗ്രസിന് ഒരിക്കിലും അഭിമാനമുണ്ടായിരുന്നില്ലെന്നു മോദി പറഞ്ഞു. ‘കോൺഗ്രസ് ഇവിടെ ജയിച്ചാൽ പിഎഫ്ഐയുടെ നിരോധനം നീക്കും. സിദ്ധരാമയ്യ ഭരിച്ച കാലത്ത് അഴിമതി മാത്രമാണ് സംസ്ഥാനത്ത് നടന്നിരുന്നത്. സാധാരണക്കാരുടെ വിശ്വാസം കോൺഗ്രസിന് നഷ്ടമായിരിക്കുന്നു. ഇപ്പോൾ വാഗ്ദാനങ്ങൾ നൽകാൻ മാത്രമാണ് കോൺഗ്രസിന്‍റെ ശ്രമം. പട്ടിണി മാറ്റുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയെങ്കിലും ഇതു വരെ നടപ്പാക്കുന്നതിന് സാധിച്ചിട്ടില്ല. അതേസമയം പട്ടിണി മാറ്റാൻ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് നേതാക്കൾ സമ്പന്നരായി. കർണാടകയിലെ ഡബിൾ എൻജിൻ സർക്കാരിന്‍റെ പ്രാഥമിക ലക്ഷ്യം സാമൂഹിക നീതിയും സാമൂഹിക പുരോഗിതിയുമാണ്. പാവപ്പെട്ടവരുടെ ഉന്നമനം, കർഷകരെ ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങളിൽ സർക്കാർ അതീവശ്രദ്ധ പുലർത്തുന്നു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് കാലങ്ങളായി സ്വീകരിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്കും എയര്‍ സ്ട്രൈക്കും നടത്തിയതിന് കോൺഗ്രസ് രാജ്യത്തെ പ്രതിരോധസേനകളെ പരിഹസിച്ചു. രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി കർണാടകയെ മാറ്റുന്നതിനുള്ള പദ്ധതിയാണ് ബിജെപി പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽവച്ചിരിക്കുന്നത്.’ – മോദി പറഞ്ഞു.
കർണാടകയിൽ ബിജെപിയുടെ സംവരണ രാഷ്ട്രീയത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി കോൺഗ്രസ് പ്രകടന പത്രിക. 50% സംവരണ പരിധി 70% ആക്കി ഉയർത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. സംഘപരിവാർ സംഘടന ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്.
സംവരണ കാർഡിറക്കിയും, വൈകാരിക – ജനകീയ പ്രഖ്യാപനങ്ങളുമായാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങിയത്. എസ് സി സംവരണം 15 ശതമാനത്തിൽ നിന്ന് 17 ആയും എസ് ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായും ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു.
സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം, ബിപിഎൽ കുടുംബങ്ങൾക്ക് ഓരോ മാസവും 10 കിലോ വീതം ധാന്യം, തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യർക്ക് പ്രതിമാസ ധനസഹായം, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. സംഘപരിവാർ സംഘടന ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്.