കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തിനിരയായതിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആതിരയുടെ സംസ്കാരം ഇന്ന് നടക്കും. കോന്നല്ലൂര്‍ സ്വദേശിയായ 26കാരിയെ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയില്‍ മുൻ സുഹൃത്തായ അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. അരുണുമായി സൗഹൃദം അവസാനിപ്പിച്ചതിനെ പേരില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം ഇയാള്‍ അധിക്ഷേപങ്ങള്‍ നടത്തിയിരുന്നു.
യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അരുണ്‍ പക വീട്ടിയത്. അരുണ്‍ വിദ്യാധരന് ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വന്‍ സൈബര്‍ ആക്രമണം നടത്തുന്നതായി ആതിര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം പെണ്‍കുട്ടി വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചതാണ്. പെണ്‍കുട്ടിക്ക് വിവാഹ ആലോചനകള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങളും മറ്റും അരുണ്‍ വിദ്യാധരന് എന്ന യുവാവ് അയാളുടെ ഫേസ്ബുക്ക് വാളില്‍ നിരന്തരമായി പങ്കുവെച്ചിരുന്നു.
ഈ പരാതിയില്‍ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു.
അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നുണ്ട്. സൈബര്‍ അക്രമണത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നു.
മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര.