ന്യൂഡല്‍ഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. പ്രതിഷേധിക്കുന്ന താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കും. ബിജെപിയാണ് പ്രതിഷേധക്കാരുടെ ഉന്നമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
തുക്കഡെ തുക്കഡെ ഗ്യാങ്, ഹഹീൻ ബാഗ്, കർഷക സമര സംഘങ്ങളാണ് താരങ്ങളുടെ സമരത്തിന് പിന്നിൽ. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള ഭിന്നതയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഷഹീൻ ബാഗ് പോലെ സമരം മാറുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോ, ആഭ്യന്തരമന്ത്രി അമിത് ഷായോ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയോ നിര്‍ദേശിച്ചാല്‍ താന്‍ ആ സമയം രാജിവെക്കാമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. തനിക്കെതിരായ ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടില്ല. താന്‍ ആറു തവണ എം.പിയായിട്ടുണ്ട്. ഭാര്യ എം.പിയായിരുന്നു, മകന്‍ എം.എല്‍എയാണ്. നരേന്ദ്രമോദി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ താന്‍ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ നിലപാട് എഫ്ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിരവധി വ്യക്തികളാണ് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്തറിലെത്തിയത്.