റായ്പൂർ: ഛത്തീസ്ഗഢിലെ ബിജെപി മുൻ അദ്ധ്യക്ഷനും മുതിർന്ന നേതാവുമായ നന്ദകുമാർ സായി കോൺഗ്രസിൽ ചേർന്നു. റായ്പൂരിലെ കോൺഗ്രസ് ആസ്ഥാനത്ത് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സംസ്ഥാന അദ്ധ്യക്ഷൻ മോഹൻ മർകവും നന്ദകുമാർ സായിയെ അംഗത്വം നൽകി സ്വീകരിച്ചു.
‘ബിജെപിയിൽ നിന്നുള്ള രാജി എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമായിരുന്നു. ജനസംഘത്തിന്റെ കാലം മുതൽ ഞാൻ ബിജെപിയുമായി ബന്ധപ്പെട്ടിരുന്നു. വാജ്പേയിയുടേയും മറ്റ് പ്രമുഖ നേതാക്കളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചു. ഇപ്പോൾ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ഞാൻ അവലോകനം ചെയ്തു. ഇവിടെ മുഖ്യമന്ത്രി ബാഗേലിന്റെ നേതൃത്വത്തിൽ കർഷകർക്കുള്ള ഒരു പ്രധാന പദ്ധതി എന്ന ആശയം എനിക്ക് ഇഷ്ടപ്പെട്ടു,’ നന്ദകുമാർ സായി രാജിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഭൂപേഷ് ബാഗേൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ഗോത്രവർഗ മുഖമായിരുന്ന സായിയുടെ രാജി പാർട്ടിക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത ബാഗേൽ, ഗോത്രവർഗ നേതാവായ സായി എപ്പോഴും ആ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സായി എല്ലായ്പ്പോഴും ആദിവാസി സമൂഹത്തിന്റെ താൽപ്പര്യത്തിനാണ് പ്രവർത്തിക്കുന്നത്, കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനത്തെ പരസ്യമായി പ്രശംസിച്ചു. കാരണം അദ്ദേഹം ഒരു യഥാർഥ ആദിവാസി നേതാവാണ്- മുഖ്യമന്ത്രി പറഞ്ഞു.