മലപ്പുറം: കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് നേർക്ക് കല്ലേറ്. മലപ്പുറം തിരുനാവായ സ്റ്റേഷനു സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ട്രെയിൻ തിരൂർ സ്റ്റേഷൻ പിന്നിട്ടത്. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് നേരിയ വിള്ളൽ സംഭവിച്ചു. കാര്യമായ കേടുപാടുകളോ യാത്രികർക്ക് പരിക്കോ ഇല്ലാതിരുന്നതിനാൽ സർവീസ് തുടർന്നു.
സംഭവത്തിൽ ആർ.പി.എഫും പൊലീസും അന്വേഷണം ആരംഭിച്ചു. ആർ.പി.എഫ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ലോക്കല്‍ പൊലീസിന് വിവരം കൈമാറിയെന്നും റെയില്‍വെ അറിയിച്ചു.
വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ (തിരൂർ സ്റ്റേഷൻ) സ്റ്റോപ് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഉദ്ഘാടന ഓട്ടത്തിൽ ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. വന്ദേഭാരത് ഓടുമെന്ന അറിയിപ്പ് വന്ന സമയത്തു തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ട്രയൽ റണ്ണിൽ നിർത്തുകയും ചെയ്തു. ഇതിനു ശേഷം സ്റ്റോപ് ഒഴിവാക്കിയതു സമരങ്ങൾക്കും പ്രതിഷേധത്തിനും കാരണമായി.