യുക്രൈന് നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ ഞായറാഴ്ച അര്‍ധാരാത്രി തൊടുത്തുവിട്ടത് 18 മിസൈലുകളെന്ന് യുക്രൈന്. ഇതില്‍ 15 എണ്ണത്തെയും വെടിവെച്ചു വീഴ്ത്തിയതായി യുക്രൈന് സേന അവകാശപ്പെട്ടു. രാത്രി 2.30ഓടെയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രൈന് സായുധ സേന കമാന്‍ഡര്‍ ഇന്‍ ചീഫ് വലേരി സല്യൂഷ്നി ടെലഗ്രാം ചാനലിലൂടെ പറഞ്ഞു. ഖേര്‍സണ്‍ മേഖലയില്‍ റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തലസ്ഥാന നഗരമായ കീവ് ലക്ഷ്യമിട്ടാണ് ഇതില്‍ ഏറെയും മിസൈലുകള്‍ വന്നത് എന്നാണ് യുക്രൈന് പറയുന്നത്. മിസൈല്‍ ആക്രമണത്തിന് പിന്നാലെ, കീവില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ആഴ്ച റഷ്യ യുക്രൈന് മേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. വെള്ളിയാഴ്ച റഷ്യ 20 ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഈ ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു.