കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചു നൽകിയ ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയെ വിദ്യാർഥിനിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും കാൽലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ (22) ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനി ഒരു യുവാവുമായി പ്രണയത്തിലായിരുന്നപ്പോൾ ചില ചിത്രങ്ങൾ അയച്ചുനൽകിയിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാർഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണിൽ നഗ്നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങൾ ഫോണിൽ നിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിക്കുകയായിരുന്നു. ഇതിന് വിദ്യാർഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങൾ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാൻ പുതിയ നഗ്നചിത്രങ്ങൾ അയച്ചുനൽകാനും ആവശ്യപ്പെട്ടു. എന്നാൽ, ചിത്രങ്ങൾ നൽകാൻ വിദ്യാർഥിനി തയ്യാറായില്ല. ഇതിനിടെ വിവരം വിദ്യാർഥിനി തന്റെ കൂട്ടുകാരിയെ അറിയിക്കുകയും, ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. കാര്യങ്ങളറിയിച്ചതോടെ ചിത്രങ്ങൾ തിരിച്ചെടുത്തുനൽകാമെന്ന് പുതിയ ഹാക്കർ ഉറപ്പുനൽകുകയുമായിരുന്നു.
എന്നാൽ ചിത്രങ്ങൾ വീണ്ടെടുത്തെന്നും താരതമ്യംചെയ്യാൻ വിദ്യാർഥിനിയോട് നഗ്നചിത്രങ്ങൾ അയച്ചുതരാനും പുതിയ ഹാക്കർ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർഥിനി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് അറസ്റ്റിലായ ഹാക്കർക്ക് അയച്ചുനൽക്കുകയായിരുന്നു. നഗ്നചൈത്രങ്ങൾ കയ്യിൽ കിട്ടിയതോടെ, ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും 25000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഭീഷണി ഭയന്ന വിദ്യാർത്ഥിനി കൂട്ടുകാരിയുടെ മാല വാങ്ങി പണയം വച്ച് ഹാക്കർക്ക് പണം നൽകിയെങ്കിലും ഇയാൾ വീണ്ടും ഭീഷണി തുടരുകയായിരുന്നു.ഇതോടെ വിദ്യാർഥിനി പോലീസ് സഹായം തേടുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത ഏറ്റുമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാക്കറെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.