ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ തുടരുന്നു. കൊമ്പന്റെ നീക്കങ്ങൾ ജിപിഎസ് കോളർ വഴി ലഭിക്കുന്ന സിഗ്നൽ വഴി വനപാലകർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച വെെകിട്ട് ലഭിച്ച സിഗ്നൽ പ്രകാരം ഇറക്കി വിട്ട സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിൽ മേദകാനം ഭാഗത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്.
തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. രണ്ട് സ്ഥലത്തെയും കാലാവസ്ഥ തമ്മിൽ വ്യത്യാസമില്ലെന്നും ആനയ്ക്ക് ഉടൻ തന്നെ പൂർണമായി ഇണങ്ങാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവിന് ചികിത്സ നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിൻറെ കണക്കൂകൂട്ടൽ. പെരിയാർ കടുവ സങ്കേതത്തിലെ വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.