ന്യൂഡൽഹി: വിമാനത്തിന്റെ കോക്‌പിറ്റിനുള്ളിൽ വനിതാ സുഹൃത്തിനെ കയറ്റിയ പൈലറ്റിന്റെ നടപടി കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാതിരുന്ന എയർ ഇന്ത്യക്ക് നോട്ടീസ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ(ഡിജിസിഎ). ഫെബ്രുവരി 27ന് ദുബായ് – ഡൽഹി വിമാനത്തിലായിരുന്നു സംഭവം. അന്വേഷണം താമസിച്ചതിനു വിശദീകരണം ആവശ്യപ്പെട്ട് വിമാന സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന ഹെൻറി ഡോണോഹെയ്ക്കും നോട്ടിസ് നൽകി.
ഏപ്രിൽ 21ന് അയച്ച നോട്ടിസിൽ 15 ദിവസത്തിനുള്ളിൽ ഇരുവരും മറുപടി നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ക്യാബിൻ ക്രൂവിനെയും പൈലറ്റുമാരെയും അന്വേഷണം പൂർത്തിയാകുംവരെ ജോലിയിൽനിന്നു മാറ്റിനിർത്തിരിക്കുകയാണ്.
പ്രാഥമിക അന്വേഷണത്തിൽ ക്യാബിൻ ക്രൂവിന് സംഭവത്തിൽ പങ്കില്ലെന്നാണ് കണ്ടെത്തൽ. പൈലറ്റുമാർക്ക് വിശദീകരണം നൽകാനുള്ള അവസരം ഉണ്ടാകുമെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഡിജിസിഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ക്യാബിൻ ക്രൂ അംഗം പരാതി നൽകിയതോടെയാണ് കഴിഞ്ഞ ഫ്രെബുവരി 27ന് നടന്ന സംഭവം പുറത്തുവന്നത്. അതീവസുരക്ഷാ മേഖലയായ കോക്‌പിറ്റിനുള്ളിൽ നിയന്ത്രണങ്ങൾ മറികടന്ന് പൈലറ്റി വനിതാ സുഹൃത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു.
നിയമപ്രകാരം കോക്‌പിറ്റിനുള്ളിൽ അനധികൃതമായി ആരെയും പ്രവേശിപ്പിക്കാൻ പാടില്ല. എന്നാൽ ഈ സംഭവം എയർ ഇന്ത്യ ഡിജിസിഎയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. വിമാനത്തിലെ കാബിൻ ക്രൂ അംഗം ഡോണഹോയ്ക്ക് അയച്ച രഹസ്യ ഇ-മെയിൽ വഴിയാണ് വിവരം പുറത്തുവന്നത്. എങ്കിലും ഇക്കാര്യം രഹസ്യമാക്കി വയ്ക്കാനാണ് എയർ ഇന്ത്യ ശ്രമിച്ചത്.