തൃശൂർ : തേക്കിൻകാട് മൈതാനിയെ ജനസാഗരമാക്കി തൃശൂരിന്റെ പൂരാവേശം. വടക്കുംനാഥന് മുന്നിൽ തെക്കേനടയിൽ 30 ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് കുടമാറ്റത്തിന് തുടക്കമായി. വിവിധ വർണ്ണങ്ങളിലും രൂപഭംഗിയിലുമുള്ള കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ചകാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.
50 ഓളം വീതം കുടകളാണ് ഇരുവിഭാഗത്തിന്റെയും കൈയ്യിലുള്ളത്. തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചാണ് കുടമാറ്റിക്കൊണ്ടിരിക്കുന്നത്. ഏതാണ് മികച്ചതെന്ന് പറയാനാകാത്ത വിധം മനോഹരമാണ് ഇരു വിഭാഗത്തിന്റെയും കുടകൾ.
ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിക്കുന്നത്. തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. ഗജവീരൻ തെച്ചിക്കോട്ട് രാമചന്ദ്രൻ തിടമ്പേറ്റുന്നു എന്നതും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്. നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി തേക്കേനട തുറന്ന് പൂര വിളംബരം ചെയ്തിരുന്ന രാമൻ ഇക്കുറി പൂരത്തിന് ആണ് നെയ്കലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.
തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയന്മാരാരാണ് ഇത്തവണ മേളപ്രമാണി. 250ലധികം കലാകാരന്മാരാണ് ഇലഞ്ഞിത്തറമേളത്തിന്റെ ഭാഗമാകുന്നത്. ഇതാദ്യമായാണ് കിഴക്കൂട്ട് അനിയന്‍ മാരാണ് മേളപ്രമാണിയാകുന്നത്.
ഇടംതല-വലംതല ചെണ്ടയ്‌ക്കൊപ്പം കൊമ്പും കുറുകുഴലും ഇലത്താളവുമായി മേളം കൊഴുക്കുകയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത് പൂരപ്രേമികളെ അത്യാവേശത്തിലാക്കി. രാമനെ കാണാന്‍ വഴിയില്‍ ഉടനീളെ ആള്‍കൂട്ടം തിങ്ങിനിറഞ്ഞു.
ഇക്കുറി കോങ്ങാട് മധുവായിരുന്നു പഞ്ചവാദ്യത്തിന്റെ അമരത്ത്. നൂറുകണക്കിനാളുകളാണ് മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് സാക്ഷ്യം വഹിക്കാന്‍ തടിച്ചുകൂടിയത്. നടവില്‍ മഠത്തിലെ ഇറക്കിപൂജയ്‌ക്കൊടുവില്‍ പാണികൊട്ടി തിരുവമ്പാടി ഭഗവതിയുടെ വടക്കുനാഥനിലേക്കുള്ള യാത്ര പൂരപ്രേമികളുടെ രോമാഞ്ചമായി.
കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
വിദേശികളടക്കം വടക്കുംനാഥന്റെ സന്നിധിയിലേക്ക് ഒഴുകുന്ന കാഴ്ചയ്ക്കാണ് പൂരനഗരി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ തിരക്കിനെ കടത്തി വെട്ടിയാണ് ഇത്തവണത്തെ തിരക്ക്. ഉച്ചയ്ക്ക് ശേഷം വലിയ രീതിയിലാണ് തിരക്ക് വർധിച്ചത്.