‘ദി കേരള സ്റ്റോറി’ എന്ന മുസ്‌ലിം വിരുദ്ധ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എം എ ബേബി. സിനിമയിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഒന്നാകെ ഇതിനോട് ശക്തമായി പ്രതികരിക്കണം എന്നും എം എ ബേബി ആവശ്യപ്പെട്ടു.
എം എ ബേബിയുടെ വാക്കുകൾ
‘കേരളസ്റ്റോറി’ എന്ന സിനിമയിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണ്. കേരളം ഒന്നാകെ ഇതിനോട് ശക്തമായി പ്രതികരിക്കണം. നാലു മലയാളികൾ ചിലരുടെ പ്രേരണ കൊണ്ടും അബദ്ധം കൊണ്ടും ഏതാനും വർഷം മുമ്പ് മതം മാറി, ഇസ്ലാമിക തീവ്രവാദത്തിലേക്ക് പോയ സംഭവത്തെ പർവതീകരിച്ചു പ്രചരിപ്പിക്കുകയാണ് ഈ സിനിമ. പതിനായിരക്കണക്കിന് മലയാളി സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു എന്നാണ് പ്രചാരണം. കേരളത്തിൽ ലവ് ജിഹാദ് എന്നൊക്കെയുള്ള കഥകൾ ആർഎസ്എസ് പ്രചാരകർ ഉണ്ടാക്കിയെടുത്ത കഥകളാണ്. ഇന്ത്യയിലെ മുഴുവൻ ഭരണകൂടത്തിന്റെ മേലും നിയന്ത്രണം ഉള്ള അവർക്ക് എന്തുകൊണ്ടാണ് ഇന്ത്യയിൽ നിന്ന് തീവ്രവാദത്തിലേക്ക് ആളുകൾ പോകുന്നത് തടയാനാവാത്തത്? ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം കേരളത്തിൽ നിന്ന് നാലു പേർ വഴിതെറ്റി സിറിയയിൽ പോയതല്ല, ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥ തകർക്കുന്ന ആർഎസ്എസ് ആണ്. ഈ കേരള സ്റ്റോറി അല്ല നമ്മുടെ കഥ എന്ന് നമ്മളൊരുമിച്ച് വിളിച്ചു പറയേണ്ടിയിരിക്കുന്നു.