ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ കോൺഗ്രസിന്‍റെ പരാതി. വർഗീയ പരാമർശങ്ങളിൽ ഇരുവർക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഇരുവരെയും വിലക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.
കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവർക്ക് അനുവാദം നൽകരുതെന്നാണ് കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. അഭിഷേക് സിംഗ്വി, പവൻ കുമാർ ബൻസാൽ, മുകുൾ വാസ്‌നിക് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയടക്കം കണ്ടാണ് ആവശ്യം ഉന്നയിച്ചത്.
കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായും ആദിത്യനാഥും വർഗീയ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച കോൺഗ്രസ് പ്രതിനിധി സംഘം, ഇരുവരെയും മാറ്റി നിർത്തണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ല.