ഇന്ത്യൻ നിർമിത മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ഗുരുതരരോഗങ്ങളും ഉണ്ടായതായി അടുത്തിടെ നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമയ്ക്കുള്ള സിറപ്പുകളും ഇന്ത്യയിൽ നിർമിച്ചതായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഇന്ത്യൻ നിർമിത ചുമമരുന്നിൻമേൽ കൂടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.
മാർഷൽ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിതരണം ചെയ്യുന്ന മരുന്നിൽ അപകടകരമായ ഘടകങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് മുന്നറിയിപ്പ്. പഞ്ചാബ് ആസ്ഥാനമായുള്ള ക്യു.പി ഫാർമകെം ലിമിറ്റഡ് നിർമിച്ച് ട്രില്ലിയം ഫാർമ വിതരണം ചെയ്യുന്ന കഫ് സിറപിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഉസ്ബെകിസ്താനിൽ ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് 18 കുട്ടികൾ മരിച്ചു എന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദം.
മാർഷൽ ദ്വീപുകളിലെയും മൈക്രോനേഷ്യയിലെയും ഒരു ബാച്ചിൽ നിന്നുള്ള സിറപ്പിന്റെ സാമ്പിളുകളിൽ “അസ്വീകാര്യമായ അളവിൽ ഡൈതലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും” കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഇവ ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകി. കുട്ടികളിൽ ഇതിന്‍റെ പാർശ്വഫലം ഗുരുതരമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓസ്‌ട്രേലിയയിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ തെറാപ്യൂട്ടിക്‌സ് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിലാണ് സിറപ്പിന്റെ സാമ്പിളുകൾ പരിശോധിച്ചത്.
എന്നാൽ മരുന്ന് നിർമാണ കമ്പനിയോ മാർക്കറ്റ് ചെയ്യുന്ന കമ്പനിയോ മരുന്നിന്റെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ലോകാരോഗ്യസംഘടനയ്ക്ക് ഉറപ്പ് നൽകിയിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.
അതിനിടെ ഇന്ത്യൻ സർക്കാരിനെ അപകീർത്തിപ്പെടാൻ സിറപ്പിൽ ആരോ മായം കലർത്തിയതാണെന്ന് ക്യു.പി ഫാർമാകെം ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സുധീർ പഥക് പറഞ്ഞു. എല്ലാ ഗുണനിലവാര പരിശോധനയ്ക്കും ശേഷമാണ് കംബോഡിയയിലേക്ക് മരുന്ന് അയച്ചിട്ടുള്ളതെന്നും എന്നാൽ മാർഷൽ ഐലൻഡ്സിലോ, മൈക്രോനേഷ്യയിലോ മരുന്ന് എത്തിയത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നും സുധീർ പറഞ്ഞു. ”ഏതു സാഹചര്യത്തിലാണ് ഈ മരുന്നുകൾ അവിടെയെത്തിയത് എന്നറിയില്ല. കംബോഡിയയിലേക്ക് അയച്ച് മരുന്നുകളിൽ മായം കലർത്തി മാർഷൽ ഐലൻഡ്സിലും മൈക്രോനേഷ്യയിലും വിറ്റഴിക്കുകയാണ് ചെയ്തിരിക്കുന്നത്. ”- സുധീർ പഥക് പറഞ്ഞു
നേരത്തേയും വിവിധ ഇന്ത്യൻ നിർമിത മരുന്നുകൾക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്ന് ഡി.സി.ജി.ഐ നടത്തിയ വ്യാപകമായ പരിശോധനയിൽ പതിനെട്ട് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും 26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ ഉദ്പാദിപ്പിക്കുന്ന കണ്ണിലൊഴിക്കുന്ന മരുന്നിൽ, മരുന്നുകളെ പ്രതിരോധിക്കുന്ന pseudomonas aeruginosa എന്ന ബാക്ടീരിയയുടെ അപകടകരമായ സാന്നിധ്യം കണ്ടെത്തിയെന്ന് അമേരിക്കൻ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചത് അടുത്തിടെയാണ്.