ന്യൂഡൽഹി: സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് ആണെന്നതിൽ എതിരഭിപ്രായമില്ലെന്ന് സുപ്രിം കോടതി. വിവാഹം അംഗീകരിച്ചില്ലെങ്കിൽ സ്വവർഗ ദമ്പതികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്നത് പ്രധാനപ്പെട്ടതാണെന്ന് കോടതി കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ മെയ് മൂന്നിന് നിലപാടറിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചു.
സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിവിധ ഹർജികളിൽ വാദം കേൾക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെ സുപ്രധാനമായ നിരീക്ഷണം ഉണ്ടായത്. ഒന്നിച്ച് ജീവിക്കാൻ സ്വവർഗ്ഗ ദമ്പതിമാര്‍ക്ക് മൗലികാവകാശം ഉണ്ടെന്ന് പറയുമ്പോൾ അതിന്റെ സാമൂഹിക വശങ്ങൾ കൂടി പരിഗണിക്കേണ്ടതല്ലേയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആരാഞ്ഞു.
ഒന്നിച്ച് ജീവിക്കാനും, പങ്കാളിയെ തിരഞ്ഞെടുക്കാനുമുള്ള മൗലികാവകാശം ഉണ്ടെങ്കിലും അതിനെ വിവാഹം എന്ന് പറയാൻ കഴിയില്ലെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തോട് ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
നേരത്തെ, സ്വവർഗ വിവാഹത്തെ എതിർത്ത് സുപ്രിം കോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സ്വവർഗ വിവാഹം ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജിയെ എതിർത്ത് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്ത്യൻ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ല. ഭാര്യ, ഭർത്താവ് അവരിൽ നിന്ന് ജനിക്കുന്ന മക്കൾ എന്ന സങ്കൽപ്പവുമായി സ്വവർഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സ്വവർഗ്ഗ ദമ്പതിമാര്‍ക്ക് എന്ത് ആനുകൂല്യങ്ങൾ നൽകുമെന്ന കാര്യം പരിഗണിക്കണമെന്ന് ഭരണഘടനാ ബഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് രവീന്ദ്ര ഭട്ടും, പി.എസ്. നരസിംഹയും ആരാഞ്ഞു. സ്വവർഗ്ഗ ദമ്പതിമാര്‍ക്ക് സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും, ഇൻഷുറൻസ് പോളിസികളിൽ പങ്കാളിയെ നോമിനിയായി വയ്ക്കാനും തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്നാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആരാഞ്ഞത്.