തിരുവനന്തപുരം: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം നാളെ തന്നെ നടക്കും. നാളെ പുലർച്ചെ 4 ന് ദൗത്യം തുടങ്ങും. സി സി എഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ദൗത്യത്തിൽ പങ്കെടുക്കേണ്ട മുഴുവൻ ആളുകളും ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽ ഒത്തുചേരും. അവിടെ നിന്നും വിവിധ ടീമുകൾ ആയി തിരിഞ്ഞ് അരിക്കൊമ്പൻ ഉള്ള സ്ഥലത്തേക്ക് പുറപ്പെടും നിലവിൽ അരിക്കൊമ്പൻ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വനംവകുപ്പിന്റെ മാത്രം 8 സംഘം ആണ് ഉള്ളത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലെ ആളുകൾ ഉൾപ്പെടെ 150 ഓളം പേർ ദൗത്യത്തിൽ പങ്കെടുക്കും. പൊലീസ് ഫയർഫോഴ്സ് മോട്ടോർ വാഹനം ആരോഗ്യം കെഎസ്ഇബി തുടങ്ങിയ വകുപ്പിലെ ജീവനക്കാരാണ് സംഘത്തിലുള്ളത്.
ഹൈറേഞ്ച് സർക്കിൾ സിസി എഫ്ആർഎസ് അരുൺ, രമേഷ് ബിഷ്നോയ് മൂന്നാർ ഡിഎഫ്ഓ എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്. ദൗത്യ സംഘത്തിലെ സ്പെഷ്യൽ ടീം നയിക്കുന്നത് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ ആണ്. നാലു ഡോക്ടർമാരാണ് ഈ സംഘത്തിൽ ഉണ്ടാവുക. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സൂര്യോദയത്തിന് ശേഷമാണ് മയക്കുവെടി വയ്ക്കുക. ഏഴു മണിയോടെ ആദ്യ ഡോസ് കൊടുത്തേക്കും. മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റും. ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും. അതേസമയം കാലാവസ്ഥ അനുകൂലമല്ലെങ്കില് ദൗത്യം മാറ്റിവെക്കേണ്ടിവരുമെന്നും ദൗത്യസംഘം അറിയിച്ചിട്ടുണ്ട്.
അതിനിടെ, അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക്ക് ഡ്രിൽ തുടങ്ങി. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിനി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രിൽ നടത്തുന്നത്. ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി. ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്.