തിരുവനന്തപുരം: സിനിമയിൽ നിന്ന് വിലക്കിയ നടപടിക്കെതിരെ നടീനടൻമാരുടെ സംഘടനയായ ‘അമ്മ’യ്ക്ക് ഷെയിൻ നിഗം കത്ത് നൽകി. സിനിമാ വിലക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഷെയിൻ നിഗം കത്ത് നൽകിയത്. തനിക്കെതിരെ നടക്കുന്നത് നുണപ്രചാരണമാണ് എന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
എർ.ഡി.എക്സ് സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. നിർമാതാവ് സോഫിയ പോളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കരാറിൽ വ്യക്തത വരുത്താനാണ് സംവിധായകരുമായി ചർച്ചകൾ നടത്തിയതെന്നും ഷെയിൻ നിഗം അമ്മയ്ക്ക് നൽകിയ കത്തിൽ പറയുന്നു.
ഇന്ന് രാവിലെയാണ് ഷെയിൻ നിഗം ആദ്യം സോഫിയ പോളിന് അയച്ച മെയിലും സോഫിയ പോൾ നിർമാതാക്കൾക്ക് നൽകിയ പരാതിയും പുറത്തുവന്നത്. ആർ.ഡി.എക്സ് സിനിമയുടെ മാർക്കറ്റിംഗിലും പ്രമോഷനിലും ബ്രാന്റിംഗിലും തനിക്ക് പ്രാധാന്യം വേണമെന്നാവശ്യപ്പെട്ടാണ് ഷെയിൻ നിർമാതാവ് സോഫിയ പോളിന് കത്തയച്ചത്. പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രം മുന്നിട്ടു നിൽക്കണമെന്നും കത്തിലുണ്ട്. ഷെയിനും അമ്മയും കാരണം ഷൂട്ടിംഗ് തടസ്സപ്പെട്ടെന്നും സോഫിയ പോളിന്റെ കത്തിലുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂർത്തയായ സമയത്താണ് ഷെയിൻ നിഗം തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് പോലെ തോന്നുവെന്നും അതിനാൽ എഡിറ്റിംഗ് കാണണമെന്നും പോസ്റ്ററിൽ കൂടുതൽ പ്രാധാന്യം വേണമെന്ന് ആവശ്യപ്പെട്ടതായും സോഫിയാ പോൾ കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമയിൽ നിന്ന് വിലക്കിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷെയിൻ നിഗത്തിനെ വിലക്കുന്നതെന്ന് നിർമാതാവ് രഞ്ജിത്ത് വാർത്താ സമ്മേളനം വിളിച്ചപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു.