കോഴിക്കോട്: അന്തരിച്ച അതുല്യ നടൻ മാമുക്കോയയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്ത് മണിക്കാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. വീടിന് സമീപമുള്ള അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷം മൃതദേഹം കണ്ണംപറമ്പിലേക്ക് കൊണ്ടുപോവും. അവിടെയാകും മഹാനടൻ അന്തിയുറങ്ങുക.
ഇന്നലെ രാത്രി ഏറെ വൈകിയും മാമുക്കോയയെ അവസാനമായി ഒരുനോക്കുകാണാൻ നിരവധി ആളുകളാണ് കോഴിക്കോട്ടേക്കെത്തിയത്. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൌൺഹാളിലേക്ക് ഒഴുകിയെത്തി. കോഴിക്കോട് ടൗൺ ഹാളിൽ രാത്രി പത്ത് മണി വരെ പൊതുദർശനമുണ്ടായിരുന്നു. രാത്രി വൈകിയാണ് ഭൗതികശരീരം വീട്ടിലേക്കെത്തിച്ചത്.
ഇന്നലെ ഉച്ചയോടെ കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചായിരുന്നു മാമുക്കോയയുടെ വിയോഗം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.
















