ന്യൂഡൽഹി: രാജ്യത്ത് പുതുതായി 157 സർക്കാർ നഴ്‌സിംഗ് കോളജുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളത്തിന് ഒരു കോളജ് പോലും അനുവദിച്ചിട്ടില്ല. 1,570 കോടി രൂപ ചെലവിൽ, രാജ്യത്തെ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായിയാണ് പുതിയ കോളജുകള്‍ സ്ഥാപിക്കുകയെന്ന് സർക്കാർ വ്യക്തമാക്കി.
നിലവിലുള്ള മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളേജുകൾ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
പട്ടികയിൽ ഏറ്റവും മുമ്പിലുളളത് ഉത്തർപ്രദേശ് ആണ്. 27 കോളജുകളാണ് അനുവദിച്ചത്. രാജസ്ഥാനിൽ 23, തമിഴ്‌നാട്ടിൽ 11, കർണാടകയിൽ 4 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. രാജ്യത്ത് ഗുണമേന്മയുള്ള നഴ്‌സിംഗ് വിദ്യാഭ്യാസം നൽകുകയും നഴ്‌സിംഗ് പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
പുതിയ കോളജുകൾ അനുവദിച്ചതോടെ 15,700 പുതിയ നഴ്സിങ് ബിരുദധാരികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജുകൾ സ്ഥാപിക്കുന്നതിന് 10 കോടി രൂപ കേന്ദ്ര സർക്കാർ നൽകുമെന്നും ബാക്കി തുക സംസ്ഥാനങ്ങൾ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ 40 ശതമാനം നഴ്‌സിംഗ് കോളജുകളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, തെലുങ്കാന, കേരളം എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. നിവലിൽ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ നഴ്‌സിംഗ് കോളേജുകളില്ലെന്നും മറ്റുമേഖലകൾക്കും പരിഗണന നൽകിയാണ് തീരുമാനമെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.