ഖാർത്തൂം: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ യുഎസ് ശ്രമത്തെ തുടർന്ന് 72 മണിക്കൂർ വെടിനിർത്തലിന് ധാരണയായി. ഇന്നലെ ആരംഭിച്ച വെടിനിർത്തൽ നാളെ വരെ തുടരും. സൈന്യവും (എസ്എഎഫ്) അർധസൈനികവിഭാഗവും (ആർഎസ്എഫ്) തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ ഇരുകൂട്ടരും വെടിനിർത്തലിനു സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. എന്നാൽ വെടിനിർത്തൽ ലംഘിച്ച് ഖാർത്തൂം, ഓംഡുർമാൻ നഗരങ്ങൾ ഉൾപ്പെടെ പലയിടത്തും പോരാട്ടം നടക്കുന്നതായി റിപ്പോർട്ടുണ്ട്.
ആക്രമണങ്ങൾ തത്കാലം നിർത്തുകയാണെന്ന് സേനാമേധാവി ജനറൽ അബ്ദേൽ ഫത്താ ബുർഹാനും അർധസൈനികവിഭാഗമായ ആർ.എസ്.എഫിന്റെ മേധാവി ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും പ്രത്യേകം പ്രസ്താവനയിറക്കി. നാട്ടുകാർക്ക് അവശ്യവസ്തുക്കൾ വാങ്ങാനും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാനും വിദേശികൾക്ക് പൗരരെ ഒഴിപ്പിക്കാനുമാണ് വെടിനിർത്തലെന്ന് ഇരുവിഭാഗവും പറഞ്ഞു. എന്നാൽ, മുമ്പ് പ്രഖ്യാപിച്ച വെടിനിർത്തലുകളിൽ സംഭവിച്ചതുപോലെ ഏറ്റുമുട്ടൽ തുടരുകയാണ്.
291 സാധാരണക്കാരുൾപ്പെടെ 420 പേർക്കാണ് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്. 3700 പേർക്ക് പരിക്കേറ്റു. ഖാർത്തൂമിൽ ബുർഹാന്റെ സൈന്യത്തിനു മേൽക്കൈയുണ്ടെങ്കിലും ഇവിടത്തെ പല ജില്ലകളും ആർ.എസ്.എഫിന്റെ നിയന്ത്രണത്തിലാണ്.
ഊർജവും ഭക്ഷണവും മരുന്നുമില്ലാതെ മാനുഷിക പ്രതിസന്ധി നേരിടുന്ന സുഡാനിൽ നിന്ന് അയൽ രാജ്യങ്ങളായ ഈജിപ്ത്, ചാഡ്, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്ക് അഭയാർഥി പ്രവാഹം തുടരുന്നു. വിദേശരാജ്യങ്ങൾ അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന്റെ തിരക്കിലാണ്. യുഎസ്, കാനഡ, ഫ്രാൻസ് ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ എംബസികൾ അടച്ചു. സന്നദ്ധസംഘടനകൾ ഭക്ഷണം ഉൾപ്പെടെയുള്ള സഹായം എത്തിക്കുന്നത് നിർത്തിയത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഉത്തര ആഫ്രിക്കയിൽ മുഴുവൻ വ്യാപിക്കാനിടയുള്ള അഗ്നിയാണ് സുഡാനിലെ സംഘർഷമെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇരുസേനകൾക്കുംമേൽ സമ്മർദം ചെലുത്താൻ രക്ഷാസമിതിയിലെ 15 അംഗങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.