തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടാൻ തീരുമാനം. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 29 മുതൽ റേഷൻ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്‌ഥാനത്തിലായിരിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും.
സെർവർ തകരാർ പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് NIC അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രിൽ 27, 28 തിയിതികളിൽ റേഷൻകടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാട് ഇന്ന് റേഷൻ വിതരണം മുടങ്ങി. നാലു ദിവസമായി ജില്ലയിൽ റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷൻ വിതരണം മുടങ്ങിയിരുന്നു. നാലു ദിവസമായി ഇവിടെയും റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു ദിവസം അടച്ചിരുന്ന തരത്തിലേക്ക് എത്തിയത്.
സാങ്കേതിക തകരാറുകൾ പൂർണ്ണമായും പരിഹരിച്ച ശേഷം റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് റേഷൻ വ്യാപാരികൾ അഭിപ്രായപ്പെട്ടു. സാങ്കേതിക തകരാറുകൾക്ക് ഉത്തരവാദി റേഷൻ വ്യാപാരികളല്ലെന്നും ഇക്കാരണത്താൽ റേഷൻകടയിൽ അതിക്രമിച്ച് കയറി റേഷൻ വ്യാപാരികളെ ആക്രമിക്കുന്ന പ്രവണത ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അവർക്കാവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ജില്ല തിരിച്ചുള്ള റേഷൻ കടകളുടെ പ്രവർത്തി സമയം
മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ എപ്രിൽ 29, മെയ് 2, 3 തിയതികളിൽ രാവിലെ 8 മണി മുതൽ ഒരുമണി വരെയും, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ എപ്രിൽ 29, മെയ് 2, 3 തിയതികളിൽ ഉച്ചക്ക് ശേഷം രണ്ട് മുതൽ എഴ് മണിവരെയും പ്രവർത്തിക്കും.