മുംബൈ: മോദി പരാമർശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി. ജസ്റ്റിസ് ഗീതാ ഗോപിയാണ് പിന്മാറിയത്. എന്തുകൊണ്ടാണ് പിന്മാറ്റമെന്നതിൽ വ്യക്തമല്ല.
ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ ഇന്നാണ് കേസ് ലിസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഇനിയും മറ്റൊരു ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും രാഹുലിന്റെ അപ്പീൽ ഹൈക്കോടതി പരിഗണിക്കുക.
രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പി.എസ് ചമ്പനേരി ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ അതിനെ എതിർത്തു. എന്നാൽ ഇത് സ്വകാര്യ പരാതിയാണെന്നും സർക്കാരിന് അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ചമ്പനേരി കോടതിയെ അറിയിച്ചു.
അൽപസമയത്തെ വാദത്തിന് ശേഷം താൻ വാദം കേൾക്കുന്നതിൽനിന്ന് പിൻമാറുകയാണെന്ന് ജസ്റ്റിസ് ഗീതാ ഗോപി അറിയിക്കുകയായിരുന്നു. കേസ് മറ്റേതെങ്കിലും ബെഞ്ചിന് കൈമാറാൻ ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചുകൊണ്ട് അവർ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി.
അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് വിധി സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് റിവിഷൻ പെറ്റീഷനുമായാണ് രാഹുൽഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.
കോടതി ശിക്ഷിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കുകയും ചെയ്തിരുന്നു. അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.