മാലിന്യ സംസ്കരണ രംഗത്തെ നവീന സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കൂടിക്കാഴ്ച നടത്തി ജാപ്പനീസ് പ്രതിനിധികള്‍. കേരളത്തിലാകെയും കൊച്ചി നഗരത്തിലും നടപ്പിലാക്കാനാകുന്ന വിവിധ പദ്ധതികളെക്കുറിച്ചായിരുന്നു ചര്‍ച്ച. ജൈവ-അജൈവമാലിന്യത്തെ എങ്ങനെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഗുണപരമായി ഉപയോഗിക്കാമെന്ന മാതൃകകളും സംഘം മന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു. കേരളത്തിന്റെ വിപുലീകൃതമായ മാലിന്യ ശേഖരണ സംവിധാനവും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനവും മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു.
ജപ്പാനിലെ മാലിന്യ സംസ്കരണ രംഗത്തെ പ്രമുഖ ഗവേഷകനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയേൺമെന്റ് സ്റ്റഡീസിലെ സിസ്റ്റം ഇന്നവേഷൻ തലവനുമായ പ്രൊഫ. മിനോറു ഫുജി, സോഷ്യൽ സര്‍വീസ് ഡിവിഷൻ ഗവേഷകൻ ഡോ. സീയ മാകി, ജപ്പാൻ റിമോട്ട് സെൻസിംഗ് ടെക്നോളജി സെന്റര്‍ സീനിയര്‍ എക്സ്പേര്‍ട്ട് ഡോ. റെമി ചന്ദ്രൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടര്‍ എം ജി രാജമാണിക്യം, നഗരകാര്യ ഡയറക്ടർ അരുൺ കെ വിജയൻ, റൂറൽ ഡയറക്ടര്‍ എച്ച് ദിനേശൻ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.