കണ്ണൂർ: ഇന്ന് ഉച്ചയ്ക്ക് പുറപ്പടേണ്ട വന്ദേഭാരത് ട്രെയിനിൽ ചോർച്ചയെന്ന പ്രചാരണം ശരിയല്ലെന്ന് റെയിൽവേ. രാത്രി മഴ പെയ്തതും കോച്ചുകളിൽ ഒന്നിൽ നനവു പടർന്നതും കണ്ടതാണ് ചോർച്ചയെന്ന തരത്തിൽ ചിലർ പ്രചരിപ്പിച്ചതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. എക്സിക്യൂട്ടീവ് കോച്ചുകളിൽ ഒന്നിന്റെ എസി ഗ്രില്ലിൽ നിന്ന് വെള്ളം കോച്ചിനുള്ളിലേക്ക് വീണിരുന്നു. അത് ശരിയാക്കിയെന്നും അധികൃത അറിയിച്ചു.
എക്സിക്യൂട്ടീവ് കോച്ചുകളിൽ ഒന്നിന്റെ എസി ഗ്രില്ലിൽ നിന്ന് വെള്ളം കോച്ചിനുള്ളിലേക്ക് വീഴുന്നത് ഇന്നലെ ഉദ്ഘാടന സർവീസിനിടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് ചോർച്ചയാണെന്ന് ചിലർ തെറ്റിദ്ധരിച്ചത്. ട്രെയിനിനൊപ്പം യാത്ര ചെയ്യുന്ന ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള വിദഗ്ധരും വിവിധ വിഭാഗം റെയിൽവേ ജീവനക്കാരും ട്രെയിൻ പരിശോധിച്ച് പ്രശ്നം പരിഹരിച്ചു. ആദ്യ സർവീസുകളിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി പരിശോധനകൾ തുടരുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. വന്ദേഭാരതിന്റെ മെയിന്റനൻസ് മാന്വൽ പ്രകാരം നടക്കുന്ന പരിശോധനകളുടെ ചിത്രങ്ങളാണ് ചോർച്ച അടയ്ക്കുന്നു എന്ന പേരിൽ പ്രചരിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന പൂർത്തിയാക്കി 11.24ന് ട്രെയിൻ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.
ഇന്നലെ ഉദ്ഘാടന യാത്ര കാസർഗോഡ് അവസാനിച്ച ശേഷം രാത്രി ട്രെയിൻ കണ്ണൂരിൽ എത്തിച്ചിരുന്നു. സുരക്ഷയും വെള്ളം നിറയ്ക്കേണ്ടതുൾപ്പടെയുള്ള കാര്യങ്ങളും കണക്കിലെടുത്താണ് ഇന്നലെ രാത്രി പതിനൊന്നോടെ കാസർകോടുനിന്ന് ട്രെയിൻ കണ്ണൂരിൽ എത്തിച്ചതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.ഇന്ന് ഉച്ചയ്ക്കാണ് യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് വന്ദേഭാരതിന്റെ ആദ്യ സർവീസ്.