മെൽബൺ: അഞ്ച് കൊറിയൻ സ്ത്രീകളെ ലഹരിമരുന്നു നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിൽ അറിയപ്പെടുന്നയാളും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി മുൻ ഭാരവാഹിയുമായ ബലേഷ് ധൻഖറിനെ (43) യാണ് സിഡ്നിയിലെ ഡൗണിങ് സെന്റർ ജില്ലാ കോടതി ജൂറി കുറ്റക്കാരനെന്നു വിധിച്ചത്. ഡേറ്റ അനലിസ്റ്റായ ധൻകർ, പീഡനദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയിരുന്നു.
സിഡ്നിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ലൈംഗികപീഡകൻ എന്നു ധൻകറിനെ വിശേഷിപ്പിച്ച ജൂറി, അയാളുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. അടുത്ത മാസം ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും. തുടർന്നാവും ശിക്ഷാവിധി.
ഇയാൾ തന്റെ ഇരകളെ നുണ പറഞ്ഞും മയക്കുമരുന്ന് നൽകിയുമാണ് പീഡിപ്പിച്ചത്. ക്രൂരമായ ആക്രമണങ്ങളുടെ തെളിവുകൾ മറച്ചുവെയ്ക്കുകയും ചെയ്തു. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തന്റെ വലയിലാക്കുകയും പിന്നീട് മയക്കുമരുന്ന് നൽകി ബോധരഹിതരാക്കി ആക്രമിക്കുകയുമാണ് ചെയ്തിരുന്നതെന്ന് ദി സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ടിൽ പറയുന്നു.
2018-ൽ പോലീസ് ഇയാളുടെ അപ്പാർട്ട്മെന്റ് റെയ്ഡ് ചെയ്തപ്പോൾ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഡസൻ കണക്കിന് വീഡിയോ തെളിവുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. കണ്ടെത്തിയ വീഡിയോകളിലെ ചില സ്ത്രീകൾ അബോധാവസ്ഥയിലായിരുന്നു. അവർ കൊറിയൻ സ്ത്രീകളാണെന്നാണ് വിലയിരുത്തൽ.
ഒരു വിവാഹേതര ബന്ധം തകർന്നതിനെ തുടർന്നാണ് സ്ത്രീകളെ നുണ പറഞ്ഞു വശീകരിച്ചതെന്നും വിവാഹജീവിതത്തിലെ അസംതൃപ്തിയാണ് അതിനു കാരണമെന്നും ധൻകർ കോടതിയോടു പറഞ്ഞിരുന്നു.
സിഡ്‌നിയിൽ ജോലിക്കായി എത്തിയവരും നിരാശ അനുഭവിക്കുന്നവരും തനിച്ചായവരുമായ സ്ത്രീകളുമാണ് ഇയാളുടെ ഇരകളായത്. ഇവരൊടൊപ്പമുള്ള സംഭാഷണങ്ങൾ ഇയാൾ റെക്കോർഡുചെയ്‌തിരുന്നു. ഹിൽട്ടൺ ഹോട്ടൽ കഫേയിലെയ്ക്ക് ഓരോ സ്ത്രീകളെയും അത്താഴത്തിന് ക്ഷണിക്കുന്നതിന് മുമ്പ് ധൻഖർ അവരുമായി ദീർഘനേരം സംഭാഷണം നടത്തിയിരുന്നു.
പിന്നീട് അയാൾ അവർക്ക് മയക്കമരുന്നുകൾ ചേർത്ത വൈനോ ഐസ്ക്രീമോ നൽകും. ഇരകളായ രണ്ട് സ്ത്രീകളുടെ രക്തത്തിലും മുടിയിലും മയക്കുമരുന്നിന്റെ അംശങ്ങൾ കണ്ടെത്തിയിരുന്നു. കിടയ്ക്ക് അരികിലുള്ള അലാറം ക്ലോക്കിലും ഫോണിലും രഹസ്യ ക്യാമറകൾ ഉപയോഗിച്ച് ലൈംഗികാതിക്രമം ഇയാൾ റെക്കോർഡ് ചെയ്തിരുന്നു.
ഓസ്ട്രേലിയയിലെ ബിജെപിയുടെ ഓവര്‍സീസ് ഫ്രണ്ട്സിന്റെ തലവനായിരുന്നു ധന്‍ഖര്‍. 2018 ജൂലൈയില്‍ അദ്ദേഹം OFBJP ഓസ്ട്രേലിയയില്‍ നിന്ന് രാജിവെച്ചതായി ആരോപണങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.