അഹമ്മദാബാദ്: അപകീർത്തി കേസിൽ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകി രാഹുൽ ഗാന്ധി. ഗുജറാത്ത് ഹൈക്കോടതിയിലാണ് അപ്പീൽ നൽകിയിരിക്കുന്നത്. കേസില്‍ കുറ്റക്കാരനെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം അപ്പീലില്‍ ആവശ്യപ്പെട്ടു.
മോദി പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് പരമാവധി ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയും തള്ളിയിരുന്നു.
സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തെ കുറ്റക്കാരനാണെന്ന സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍പി മൊഗേര അംഗീകരിച്ചില്ല. സൂറത്ത് സെഷന്‍സ് കോടതിയില്‍ രണ്ട് അപേക്ഷകളാണ് രാഹുലിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ചിരുന്നത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കില്‍ അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനുമാണ്.
വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരുകയാണ്. അപകീര്‍ത്തി പരാമര്‍ശത്തില്‍ സിജെഎം കോടതി രാഹുലിനെ രണ്ടു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇതേത്തുടര്‍ന്നാണ് രാഹുലിനെ ലോക്സഭ സെക്രട്ടേറിയറ്റ് ലോക്സഭയില്‍ നിന്നും അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.