ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിയാക്കി സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചൊവ്വാഴ്ച സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് സിസോദിയയുടെ പേര് ഉൾപ്പെടുത്തിയത്.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ. കവിതയുടെ ഓഡിറ്റർ ബുച്ചി ബാബു, അർജുൻ പാണ്ഡ, അമൻദീപ് ധാൽ എന്നിവരെയും കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്.
ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഡൽഹി മദ്യനയ അഴിമതി കേസിൽ സി.ബി.ഐ സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രം ആണിത്.
കേസിൽ മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്.