തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി സ്കൂൾ സിലബസിൽ നിന്ന് ഒഴിവാക്കിയ മുഗൾ ചരിത്രം, ഗുജറാത്ത് കലാപം അടക്കമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരള സർക്കാർ തീരുമാനം. കരിക്കുലം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പാഠഭാഗങ്ങൾ വെട്ടിമാറ്റിയ കേന്ദ്ര നടപടിക്കെതിരെ കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.
എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എൻ.സി.ഇ.ആർ.ടി ഒഴിവാക്കി പാഠഭാഗങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കുന്നതിനായി ഇവ ഉൾക്കൊള്ളിച്ച് എസ്.സി.ഇ.ആർ.ടി സപ്ലിമെന്‍ററിയായി പാഠ പുസ്തകം അച്ചടിച്ചുപുറത്തിറക്കും. ഇതിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി.
12,11,10 ക്ലാസുകളലി പാഠ പുസതകങ്ങളിലാണ് എൻ.സി.ഇ.ആർ.ടി പരിഷ്കരണം വരുത്തിയത്. മുഗൾ ചരിത്രം, ‘ഗാന്ധിജിയുടെ മരണം രാജ്യത്തെ മതസൗഹാർദത്തിലുണ്ടാക്കിയ വലിയ മാറ്റവും’ ‘ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ പ്രവർത്തനങ്ങൾ ഹൈന്ദവ തീവ്രവാദികളെ പ്രകോപിപ്പിച്ചത്, ആർ.എസ്.എസ് നിരോധനം, സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബുൽ കലാം ആസാദിനെക്കുറിച്ചുള്ള ഭാഗങ്ങൾ, ജമ്മു-കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്തത് തുടങ്ങിയ പാഠഭാഗങ്ങളാണ് എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയത്.