ധാക്ക: ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു ചുമതലയേറ്റു. ഞായറാഴ്ച കാലാവധി തീർന്ന അബ്ദുൽ ഹാമിദിനു പകരക്കാരനായാണ് മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു എന്ന ഷഹാബുദ്ദീൻ എത്തുന്നത്. ധാക്കയിലെ ദർബാർ ഹാളിൽ നടന്ന പരിപാടിക്ക് ബംഗ്ലാദേശ് സ്പീക്കർ ഷിറിൻ ശർമിൻ ചൗധരി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ശൈഖ് ഹസീന, മന്ത്രിമാർ, സുപ്രിംകോടതി ജഡ്ജിമാർ, സൈനികതലവന്മാർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായ ഷഹാബുദ്ദീൻ എതിരില്ലാതെയാണ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിട്ട. ജില്ലാ ജഡ്ജിയാണ് മുഹമ്മദ് ഷഹാബുദ്ദീൻ. സ്വതന്ത്ര അഴിമതി വിരുദ്ധ കമ്മിഷൻ കമ്മിഷണർമാരിൽ ഒരാളായിരുന്നു. ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ശൈഖ് മുജീബുറഹ്‌മാന്റെ കൊലപാതകത്തെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ടിരുന്നു.
1949ൽ വടക്കുപടിഞ്ഞാറൻ പാബ്‌ന ജില്ലയിലാണ് മുഹമ്മദ് ഷഹാബുദ്ദീൻ ജനിച്ചത്. അവാമി ലീഗിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയ അദ്ദേഹം പാർട്ടി ഉപദേശക സമിതി അംഗം വരെയായി. നേരത്തെ, വിദ്യാഭ്യാസകാലത്ത് അവാമി ലീഗിന്റെ വിദ്യാർത്ഥി, യുവജന വിഭാഗങ്ങളിലും സജീവമായിരുന്നു. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.
ശൈഖ് ഹസീനയുടെ പിതാവ് കൂടിയായ മുൻ പ്രസിഡന്റ് ശൈഖ് മുജീബുറഹ്‌മാന്റെ കൊലപാതകത്തെ തുടർന്ന് 1975ൽ ജയിലിലടയ്ക്കപ്പെട്ടു. 1982ലാണ് ജുഡിഷ്യറിയുടെ ഭാഗമാകുന്നത്. ഷഹാബുദ്ദീന്റെ ഭാര്യ റെബേക്ക സുൽത്താന മുൻ കേന്ദ്ര ജോയിന്റ് സെക്രട്ടറിയാണ്.
ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ആദ്യത്തിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് അവാമി ലീഗും മുഖ്യപ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി(ബി.എൻ.പി)യും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനെയാണ് രാജ്യം മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.