കൊച്ചി: എട്ട് ക്രൈസ്തവസഭ മത മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കും. സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിൽ ഉണ്ടെന്നും നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ പറഞ്ഞു.
കർഷകർ നേരിടുന്ന പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധികളും ബിഷപ്പുമാർ മോദിയുടെ ശ്രദ്ധയിൽ പെടുത്തി. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുവം സംഗമത്തിന് പിന്നാലെ കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റിലധികം പ്രധാനമന്ത്രി ബിഷപ്പുമാരുമായി സംവദിച്ചു. മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെ എട്ട് സഭയുടെ മേലധ്യക്ഷൻമാരാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിച്ചേർന്നത്.
സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പ്രധാനമന്ത്രിയുമായുള്ള സൗഹൃദ സംഭാഷണം ആയിരുന്നു നടന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബിഷപ്പുമാർ പറഞ്ഞു. ക്രൈസ്തവർക്കെതിരായ അക്രമസംഭവങ്ങൾ ലത്തീൻസഭ കൂടിക്കാഴ്ചയിൽ ഉയർത്തിക്കാട്ടി. അക്രമം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി വേണമെന്ന് സഭാധ്യക്ഷന്മാർ ആവശ്യപ്പെട്ടു.
കെ സുരേന്ദ്രൻ, ഡോ.കെ എസ് രാധാകൃഷ്ണൻ, എ എൻ രാധാകൃഷ്ണൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഓരോ സഭാ അധ്യക്ഷനും അഞ്ച് മിനിറ്റ് വീതമാണ് കൂടിക്കാഴ്ചയ്ക്കായി അനുവദിച്ചത്. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിൽ വച്ചാണ് മോദി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി കേരളീയ സ്റ്റൈലിലുള്ള വസ്ത്രമണിഞ്ഞാണ് ഇന്ന് കൊച്ചിയില്‍ നടന്ന യുവം പരിപാടിയില്‍ പങ്കെടുത്തത്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് യുവം വേദിയില്‍ മോദി പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും ലോകത്തിന് മാതൃകയായി. രാജ്യത്ത് വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ബഹിരാകാശ-പ്രതിരോധ മേഖലകള്‍ തുറന്നതോടെ കൂടുതല്‍ അവസരങ്ങള്‍ യുവാക്കള്‍ക്ക് കിട്ടി . പ്രാദേശിക ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി വോക്കല്‍ ഫോര്‍ ലോക്കല്‍ കൊണ്ടുവന്നു. കൃത്യമായ നയരൂപീകരണത്തിലൂടെ കയറ്റുമതി വര്‍ധിപ്പിക്കാനായെന്നും മോദി കൂട്ടിച്ചേര്‍ത്തു.