ലണ്ടൻ: ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് നടന്ന ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളും ആക്രമണ സംഭവങ്ങളും അന്വേഷിക്കാൻ എൻഐഎ ലണ്ടൻ സന്ദർശിക്കും. ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി മൊഴി രേഖപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന് കീഴിലായിരുന്ന അന്വേഷണം നടന്നിരുന്നത്. ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അനുമതി നൽകിയതിനെ തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ ഔദ്യോഗിക പകർപ്പ് നൽകാൻ എൻഐഎ സ്‌പെഷ്യൽ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് 19 നാണ് വിഷയത്തിനാസ്പദമായ സംഭവം അരങ്ങേറിയത്. തീവ്ര സിഖ് മതപ്രഭാഷകൻ അമൃത്പാൽ സിംഗിന്റെ അനുയായികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.