കൊച്ചി: പൂർണമായും തദ്ദേശീയമായി നിർമ്മിച്ച ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ സർവീസ് നടത്തുക എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഒരേ സമയം 100 പേർക്ക് യാത്ര ചെയ്യാനും 50 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതുമായ രണ്ട് തരം ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് ഉള്ളത്. ഇതിൽ 100 പേർക് യാത്ര ചെയ്യാൻ സാധിക്കുന്ന ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യാർഡാണ് നിർമ്മിച്ചുനൽകുന്നത്.
നൂതന സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ബോട്ടുകൾക്ക് ഇതിനോടകം തന്നെ ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ “ഗസ്സിസ് ഇലക്ട്രിക് ബോട്ട് അവാർഡ് “ നേടാൻ സാധിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര സാധ്യമാക്കാനായി കൊച്ചി വാട്ടർ മെട്രോ തയ്യാറെടുക്കുമ്പോൾ അമ്മമാർക്കായുള്ള ഫീഡർ റൂമുകളുൾപ്പെടെ യാത്രക്കാർക്ക് നിരവധി സൗകര്യങ്ങളും ഈ ബോട്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. തികച്ചും ഭിന്നശേഷി സൗഹൃദമായിട്ടാണ് ബോട്ടുകളും ടെർമിനലുകളും രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയുണ്ട് കൊച്ചി വാട്ടർ മെട്രോയ്ക്ക്. ഹൈബ്രിഡ് സംവിധാനത്തിലും തികച്ചും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഈ ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്നതും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ലിഥിയം ടൈറ്റാനായ്ട് ഓക്സൈഡ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ബാറ്ററി മോഡിൽ 8 നോട്ടും (നോട്ടിക്കല്‍ മൈല്‍ പെര്‍ അവര്‍) ഹൈബ്രിഡ് മോഡിൽ 10 നോട്ടും ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും.
അലൂമിനിയം കറ്റമരന്‍ ഹള്ളിലാണ് ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും ഓളം ഉണ്ടാക്കുന്നത് പരമവാധി കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്റെ ഘടനയെന്നതിനാൽ ചാഞ്ചാട്ടവും കുറവായിരിക്കും. ബോട്ടിൽ നിന്ന് കയറി ഇറങ്ങുന്നത് ഫ്ലോട്ടിംഗ് ജെട്ടികളിലേക്കായതിനാൽ വേലിയേറ്റസമയത്തും വേലിയിറക്ക സമയത്തും ബോട്ടും ജെട്ടിയും ഒരേനിരപ്പിലായിരിക്കും. അതിനാല്‍ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാർക്കും കയറുകയും ഇറങ്ങുകയും ചെയ്യാം. വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സഹായമാകുന്നതിന് തെര്‍മല്‍ കാമറയും സജ്ജീകരിച്ചിട്ടുണ്ട്. ബോട്ടിൽ സജ്ജികരിച്ചിരിക്കുന്ന CCTV ക്യാമറകൾ വഴി ഓപ്പറേറ്റർക്കും ഓപ്പറേഷൻ കണ്ട്രോൾ സെന്റെറിനും മുഴുവൻ സമയ നിരീക്ഷണം സാധിക്കുന്നതാണ് . മാത്രമല്ല ബോട്ടുകളില്‍ റഡാര്‍ സംവിധാനവുമുണ്ടാകും. ഏറ്റവും നൂതനമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നതിനൊപ്പം മുഴുവൻ യാത്രക്കാർക്കുമാവശ്യമായ, കുട്ടികൾക്കുൾപ്പെടെയുള്ള ലൈഫ് ജാക്കറ്റുകളും ബോട്ടിനകത്ത് ലഭ്യമാക്കിയിട്ടുണ്ട്. അമിതമായി ആളുകൾ കയറുന്നു എന്നതാണ് പലപ്പോഴും ബോട്ടുകൾ അപകടത്തിൽ പെടാനുള്ള കാരണം. എന്നാൽ കൊച്ചി വാട്ടർമെട്രോ ബോട്ടുകളിൽ പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാകും യാത്രക്കാര്‍ക്ക് പ്രവേശനം എന്നതിനാൽ യാത്രക്കാരുടെ എണ്ണം ഒരു കാരണവശാലും കൂടുതലാകില്ല. ഏതെങ്കിലും രീതിയിലുള്ള അപകടമുണ്ടായാലും 10 മിനുട്ട് കൊണ്ട് രക്ഷാപ്രവർത്തനം സാധ്യമാക്കുന്ന റസ്ക്യൂ ബോട്ടും കൊച്ചി വാട്ടർ മെട്രോയുടെ ഭാഗമാണ്.