തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായ കേരളം പുതിയ ചരിത്രമെഴുതാന്‍ പോകുന്നുവെന്ന് മന്ത്രി എംബി രാജേഷ്. ഇന്ത്യയിലാദ്യമായി അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സംസ്ഥാനം എന്ന ലക്ഷ്യമാണ് കേരളം കൈവരിക്കാന്‍ പോകുന്നതെന്നു മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമെടുത്ത ഒന്നാമത്തെ തീരുമാനമായിരുന്നു അതിദാരിദ്ര നിർമ്മാർജനം. ഭരണത്തുടർച്ച കൈവന്നപ്പോൾ സർക്കാർ ആദ്യ പരിഗണന നൽകിയത് സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ആളുകളെ ആ അവസ്ഥയിൽ നിന്ന് മോചിപ്പിക്കുന്നതിനായിരുന്നു. സർക്കാരിന്റെ പ്രതിബദ്ധത ആരോടാണ് എന്നതിന്റെ തെളിവു കൂടിയാണിത്.
നീതി ആയോഗിന്റെ പഠനപ്രകാരം ദാരിദ്ര്യത്തിന്റെ ദേശീയ ശരാശരി 25% ആണെങ്കില്‍ കേരളത്തില്‍ അത് 1% ലും താഴെ 0.71% മാത്രമാണ്. ആ നേട്ടത്തില്‍ സംതൃപ്തരായിരിക്കാതെ ആ അതിദരിദ്രരെക്കൂടി ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പദ്ധതി കേരളം നടപ്പാക്കുകയാണ്. കുടുംബശ്രീ മുഖേന നടത്തിയ സര്‍വ്വേയില്‍ 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം മൈക്രോ പ്ലാനുകളും ഇതിനകം തയ്യാറായിക്കഴിഞ്ഞു.
അവകാശരേഖകള്‍ ഇതുവരെ ലഭ്യമായിട്ടില്ലാതിരുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് അവകാശ രേഖകളും ഇതിനകം ലഭ്യമാക്കിക്കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി 2553 കുടുംബങ്ങള്‍ക്ക് റേഷൻ കാര്‍ഡ്, 3125പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 887 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ, 1281 പേര്‍ക്ക് ആരോഗ്യ ഇൻഷുറൻസ്, 1174 പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ്, 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയൽ കാര്‍ഡ് തുടങ്ങിയവ പുതുതായി ലഭ്യമാക്കി. 11,340 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാൻ നടപടി സ്വീകരിച്ചു. 22054 പേര്‍ക്ക് ഇതിനകം ആശുപത്രി സേവനങ്ങള്‍ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. പാകം ചെയ്യാനാകാത്തവര്‍ക്ക് ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യകിറ്റും ലഭ്യമാക്കിയിട്ടുണ്ട്. റേഷനും ആരോഗ്യപരിരക്ഷയും വാതില്‍പ്പടിയിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
മൈക്രോ പ്ലാൻ രൂപീകരണത്തിന്റെയും അവകാശം അതിവേഗം പദ്ധതിയുടെയും പൂര്‍ത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന് പത്തനംതിട്ടയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രിമാരായ ജി ആർ അനിൽ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ലോകത്ത് ഇതിനു മുമ്പ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ളത് ചൈന മാത്രമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനവും നടപ്പാക്കിയിട്ടില്ലാത്ത ഈ പദ്ധതിയിലൂടെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനം എന്ന നേട്ടം കേരളം കൈവരിക്കുമ്പോള്‍ അത് മറ്റൊരു ലോക മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.