കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവം 2023 പരിപാടിയില്‍ നടി നവ്യ നായര്‍ നൃത്തം അവതരിപ്പിച്ചു. നടി അപര്‍ണ ബാലമുരളി, നടന്മാരായ ഉണ്ണി മുകുന്ദന്‍, സുരേഷ് ഗോപി, ഗായകന്മാരായ വിജയ് യേശുദാസ്, ഹരിശങ്കര്‍ തുടങ്ങിയവരും യുവം വേദിയിലെത്തി.
പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അപർണാ ബാലമുരളി പറഞ്ഞു. ‘നാളെയുടെ ഭാവി എന്ന കോൺസപ്റ്റാണ് ഇത്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇതുപോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷമുണ്ട്. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്’ അപർണാ ബാലമുരളി പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ അനില്‍ ആന്‍റണി, യുവമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് തേജസി സൂര്യ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. കേരളത്തിലും യുവജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം അണിനിരന്ന് പ്രവർത്തിക്കുമെന്ന് അനിൽ ആന്റണി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത്. വൈകിട്ട് അഞ്ചേ കാലോടെയാണ് കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ പ്രധാനമന്ത്രി വിമാനമിറങ്ങിയത്. വെണ്ടുരുത്തി പാലം മുതൽ തേവര എസ്.എച്ച് കോളജ് വരെ നടത്തിയ റോഡ് ഷോയ്ക്ക് ശേഷമാണ് യുവമോർച്ച സംഘടിപ്പിച്ച യുവം കോൺക്ലേവിൽ പ്രധാനമന്ത്രി പങ്കെടുത്തത്.
യുവം കോൺക്ലേവിന് ശേഷം താജ് ഗേറ്റ് വേ ഹോട്ടലിൽ തിരികെ എത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. സിറോ മലബാർ സഭ, മലങ്കര സഭ, ലത്തീൻ സഭ, യാക്കോബായ ഓർത്തഡോക്സ് അടക്കമുള്ള 8 സഭകളുടെ അധ്യക്ഷന്മാരെയാണ് പ്രധാനമന്ത്രി കാണുക. നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി വാട്ടർ മെട്രോയുടെയും ഉദ്ഘാടനം നിർവഹിക്കും.
സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.