കൊച്ചി: രാജ്യം അമൃതകാലത്തിലൂടെ മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. . യുവാക്കൾക്ക് മാറ്റങ്ങൾ വരുത്താൻ ശേഷിയുണ്ട്. കേരളത്തിലെ ‘യുവം’ അതിന്റെ സൂചനയാണ്. മഹാത്യാഗികളുടെ തുടർച്ചയാണ് കേരളത്തിലെ യുവതയെന്നും പ്രധാനമന്ത്രി പറഞ്ഞു. തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനിയിൽ ‘യുവം 2023’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”പ്രിയ മലയാളി യുവസുഹൃത്തുക്കളെ നമസ്‌കാരം” എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. “കേരളത്തെ പരിവര്‍ത്തനം ചെയ്യാന്‍ മുന്നോട്ടിറങ്ങിയ യുവതീ യുവാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. യുവതീയുവാക്കളുടെ കരുത്ത് ഒപ്പം ചേരുമ്പോഴാണ് ഏതൊരു ദൗത്യവും വിജയിക്കുന്നത്. ഇവിടെ വരുമ്പോള്‍ കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. രാജ്യവും സേക്രട്ട് ഹാര്‍ട്ട് കോളേജും 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആഴ്ചകള്‍ക്കുമുമ്പ് കേരളത്തില്‍നിന്നുള്ള 99 വയസുള്ള യുവാവിനെ കണ്ടു. ഗാന്ധിയന്‍ വി.പി. അപ്പുക്കുട്ട പൊതുവാള്‍ ആയിരുന്നു അദ്ദേഹം. ബി.ജെ.പി. സര്‍ക്കാര്‍ പദ്മ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു”, പ്രധാനമന്ത്രി തുടര്‍ന്നു.
കളരിപ്പയറ്റ് യുഗു എസ്.ആര്‍.ഡി. പ്രസാദ് മുതല്‍ ചെറുവയല്‍ രാമന്‍ വരെയുള്ള ഓരോ പ്രതിഭയില്‍നിന്നും ധാരാളം പഠിക്കാനുണ്ട്. നമ്പി നാരായണനില്‍നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്ന നിരവധി ചെറുപ്പക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദിശങ്കരനെയും ശ്രീനാരായണ ഗുരുവിനെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുസ്മരിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും ലോകത്തിന് മാതൃകയാണ്. ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും യുവാക്കളിലാണ് തന്റെ വിശ്വാസമെന്നും മോദി പറഞ്ഞു.
കേരളത്തിലെത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നു. ജി20 യോഗം നടന്നപ്പോൾ കേരളീയർ മികവുകാട്ടി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും ചൂണ്ടിക്കാട്ടി.
മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം, അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ ആന്റണി, നടിമാരായ അപർണ ബാലമുരളി, നവ്യാ നായർ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, നടന്മാരായ ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ട്.