ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റ കൂടി ചത്തു. ഉദയ് എന്ന ആൺ ചീറ്റയാണ് ചത്തത്. മധ്യപ്രദേശ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെഎസ് ചൗഹാൻ മരണം സ്ഥിരീകരിച്ചു. അസുഖബാധിതനായ ചീറ്റ ചികിത്സയ്ക്കിടെയാണ് ചത്തത്. മരണകാരണം വ്യക്തമല്ല.
ഞായറാഴ്ചയാണ് ആരോഗ്യസംബന്ധമായ അവശതകള്‍ ചീറ്റയില്‍ കണ്ടെത്തുന്നത്. മയക്കുവെടി വെച്ച ശേഷം മെഡിക്കല്‍ സെന്ററിലേക്ക് ചീറ്റയെ മാറ്റി. തുടര്‍ന്ന് ചികിത്സക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയോടെ പോസ്റ്റ്മോര്‍ട്ടം നടത്തും. നടപടിക്രമങ്ങളെല്ലാം വീഡിയോയില്‍ ചിത്രീകരിക്കും.
ഈ വര്‍ഷം രണ്ടാം ബാച്ചിലെത്തിയ ചീറ്റയാണ് ഉദയ്. ഫെബ്രുവരി 18-നാണ് രാജ്യത്തേക്ക് ചീറ്റകളുടെ രണ്ടാം ബാച്ചെത്തിയത്. 12 ചീറ്റകളാണ് രണ്ടാം ബാച്ചിലായി ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചാകുന്ന രണ്ടാമത്തെ ചീറ്റയാണ് ഉദയ്. സാഷ എന്ന് പേരുള്ള ചീറ്റ മാര്‍ച്ചിലാണ് ചത്തത്. ഇതോടെ രാജ്യത്താകെയുള്ള ചീറ്റകളുടെ എണ്ണം 18 ആയി ചുരുങ്ങി.
അതേസമയം കുനോ ദേശീയ പാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലിയായ സിയായ കഴിഞ്ഞ ദിവസം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് വിവരം. ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ അന്ന് പറഞ്ഞിരുന്നു.