ന്യൂഡൽഹി: ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിൽനിന്നും രക്ഷാദൗത്യത്തിനു വ്യോമസേനയും നാവികസേനയും സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ രക്ഷാദൗത്യത്തിനായി പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് സി-130 വിമാനങ്ങളും രക്ഷാദൗത്യത്തിനു ജിദ്ദയിൽ ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘‘സുധാനിൽനിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. സുഡാനിലെ സുരക്ഷാസ്ഥിതി വിലയിരുത്തിയാകും രക്ഷാദൗദത്യം. സുഡാനിലെ വ്യോമപാത വിദേശ വിമാനങ്ങൾക്ക് തുറന്നു നൽകിയിട്ടില്ല. റോഡ് മാർഗം നീങ്ങുന്നതിൽ ഏറെ വെല്ലുവിളികളുണ്ട്, സുരക്ഷിതമായിട്ടില്ല. ഇന്ത്യക്കാരുമായി എംബസി സമ്പർക്കം തുടരുകയാണ്.’’ – വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സാഹസികമായി മറ്റിടങ്ങളിലേക്ക് നീങ്ങരുതെന്ന് വിദേശകാര്യമന്ത്രാലയം ഇന്ത്യക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ എന്ത് പ്രശ്‌നമുണ്ടായാലും എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിക്കുന്നു.
സുഡാൻ അധികൃതരുമായും ഐക്യരാഷ്ട്രസഭ, സൗദി, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായും വിദേശകാര്യമന്ത്രാലയവും എംബസിയും ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച സൗദി സുഡാനില്‍ നടത്തിയ രക്ഷാദൗത്യത്തില്‍ മൂന്ന് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തോളം ഇന്ത്യക്കാർ സുഡാനില്‍ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ ഭൂരിഭാഗം പേരും സംഘര്‍ഷത്തിന്റെ പ്രഭവസ്ഥാനമായ ഖര്‍ത്തൂമില്‍ കുടുങ്ങിക്കിടക്കുകയാണ്.
സുഡാണിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യം വിടുന്നതിനും സുരക്ഷിത സ്ഥാനം കണ്ടെത്തുന്നതിനും സൗകര്യം ഒരുക്കുമെന്നും ആർ എസ് എഫ് മേധാവി മുഹമ്മദ് ഹംമ്ദാൻ ദാഗ്ലോ വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ പ്രതിനിധിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം. രാജ്യത്തെ പൗരന്മാർക്ക് സുരക്ഷിത സ്ഥാനം വിടുന്നതിനും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കുന്നതിനും സൗകര്യം ഒരുക്കുമെന്നും ദാഗ്ലോ വ്യക്തമാക്കി.