തിരുവനന്തപുരം: എഐ കാമറ സ്ഥാപിച്ചതിൽ അടിമുടി അഴിമതിയെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ നിഷേധിച്ച് കെൽട്രോൺ. ഒരു എഐ കാമറയ്ക്ക് 35 ലക്ഷമെന്നത് തെറ്റായ പ്രചാരണമെന്ന് കെൽട്രോൺ ചെയർമാൻ പറഞ്ഞു. മുഴുവൻ സെക്യൂരിറ്റി സംവിധാനത്തിന്റെ തുകയാണ് 232 കോടി. ഉപകരാറുകൾ നൽകിയതിൽ അസ്വഭാവികതയില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നു. ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി. ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയത്. ബാക്കി തുക കൺട്രോൾ നടത്താനും ചെല്ലാൻ അയക്കാനും കെൽട്രോണിൻ്റെ ചെലവിനുമായി വിനിയോഗിക്കേണ്ടതാണ്.ഒരു ക്യാമറ 35 ലക്ഷമെന പ്രചരണം തെറ്റാണ്. ഒരു ക്യാമറ സിറ്റത്തിൻ്റെ വില 9.5 ലക്ഷം മാത്രമാണ്. 74 കോടിരൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതികസംവിധാനം , സർവർ റൂം , പലിശ ഇങ്ങനെയാണ് .SRIT എന്ന സ്ഥാപനം മികച്ച പ്രവർത്തനമാണ് നടത്തിയത്.ആ കമ്പനി ഉപകരാർ നൽകിയതിൽ കെല്ട്രോണിന് ബാധ്യതയില്ല.[സർക്കാർ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല.ഒരാൾക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കൺട്രോള് റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്നും റോഡ് സുരക്ഷയുടെ മറവിൽ അഴിമതിയും കൊള്ളയും നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
എല്ലാ രേഖകളും തന്റെ പക്കലുണ്ട്. രേഖകൾ പുറത്ത് വിടാൻ സർക്കാരിന് നാല് ദിവസം സമയം നൽകും. ഇല്ലെങ്കിൽ താൻ തന്നെ രേഖകൾ പുറത്തുവിടും. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ച ചെന്നിത്തല കമ്പനികൾക്ക് മുൻപരിചയമില്ലെന്നും കുറ്റപ്പെടുത്തി. സർക്കാർ പദ്ധതിക്കുള്ള തുക വർധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു.