ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ). സിപിഐ പൂർണ പിന്തുണ കോൺഗ്രസിന് ലഭിക്കുമെന്ന് കർണാടക കോൺഗ്രസ് ഇൻ ചാർജ് രൺദീപ് സുർജേവാല വ്യക്തമാക്കി. ഏഴ് നിയമസഭാ സീറ്റുകളിൽ മാത്രമാണ് സിപിഐ മത്സരിക്കുന്നതെന്നും അവിടങ്ങളിൽ ഇരുപാർട്ടികളും തമ്മിൽ സൗഹൃദ മത്സരമായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഉപാധികളില്ലാതെയാണ് കർണാടകയിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ സിപിഐ സമ്മതിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 215 സീറ്റുകളിൽ സി.പി.ഐ, കോൺഗ്രസ് സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ നിരുപാധികം സഹായിക്കാനാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും സുർജേവാല പറഞ്ഞു.
224-ൽ 223 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. മേലുകോട്ടിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ എസ്കെപി ക്ക് വേണ്ടി മത്സരിക്കുന്ന ദർശൻ പുട്ടണ്ണയ്യക്കും കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.