കണ്ണൂർ: കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിൽ. പള്ളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരെയാണ് പയ്യാവൂർ അറസ്റ്റ് ചെയ്തത്. നായാട്ട് സംഘത്തിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്.
കള്ളത്തോക്ക് ഉപയോഗിച്ചതിനാണ് അറസ്റ്റ്. തോക്ക് താഴെ വീണ് അബദ്ധത്തിൽ വെടിപൊട്ടിയപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ കേരള-കർണാട വനാതിര്‍ത്തിയിലെ കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം ഏലപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥ ലത്തായിരുന്നു സംഭവം. മൂന്നംഗ സംഘം വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയാണ് ബെന്നി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. നായാട്ടിനായി വൈകുന്നേരമാണ് മൂവരും കാട് കയറിയത്. നാരായണനെ നിർബന്ധിച്ചാണ് ഒപ്പം കൂട്ടിയത്.
കയറ്റം കയറി മൂവരും ഒരിടത്തിരിക്കുകയായിരുന്നു. ബെന്നിയുടെ അരികിലാണ് വലിയ തിര നിറച്ച തോക്ക് വച്ചിരുന്നത്. രാത്രി വൈകി ശബ്ദം കേട്ട് ഞെട്ടി എഴുന്നേൽക്കുന്നതിനിടെ കാഞ്ചിയിൽ വിരൽതട്ടി അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. ബെന്നിയുടെ വലത് നെഞ്ചിലാണ് വെടിയേറ്റത്. പയ്യാവൂരിലെ ആ ശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ബെന്നിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. ഏലപ്പാറയിൽ ബെന്നിക്ക് വെടിയേറ്റ സ്ഥലത്ത് പൊലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിൽ തോക്കിന്‍റെ തിരകൾ കണ്ടെത്തിയിട്ടുണ്ട്.