കട്ടപ്പന: ഇടുക്കിയിലെ ഉപ്പുതറ, കാഞ്ചിയാർ, കട്ടപ്പന എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും. കാഞ്ചിയാർ പാലക്കടയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടു ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം പല ജില്ലകളിലും കനത്ത ചൂട് തുടരുകയാണ്. ഇന്നും നാളെയും (2023 ഏപ്രിൽ 22, 23 ) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാൾ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് ഉയരുക. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഏപ്രിൽ 22, 23 തിയ്യതികളിൽ ഇരു ജില്ലകളിലും മഞ്ഞ അലര്‍ട്ടുണ്ട്.