ഖാർത്തൂം: സുഡാനിൽ മൂന്നു ദിവസത്തെ വെടിർനിർത്തലിനു സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും സമ്മതിച്ചു. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് തീരുമാനം. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി സുഡാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
വെടിനിർത്തലിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ആർഎസ്എഫിനോട് സൈന്യം ആവശ്യപ്പെട്ടു. ഒരു വിധത്തിലുള്ള സൈനിക നീക്കങ്ങളും പാടില്ലെന്നും നിർദേശിച്ചു. പിന്നാലെ വെള്ളിയാഴ്ച രാവിലെ ആറ് മുതൽ 72 മണിക്കൂർ വെടിനിർത്തലിന് തയാറാണെന്ന് ആർഎസ്എഫ് പറഞ്ഞു.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഖാർത്തൂമിലെ തെരുവുകളിൽ വെടിയൊച്ച കേൾക്കാമെന്ന് ദൃക്സാക്ഷികൾ പറയുന്നു. യുദ്ധത്തിൽ ഇതുവരെ 400 ലേറെ ആളുകൾ മരിച്ചതായാണ് കണക്കാക്കുന്നത്. ഖാർത്തൂമിൽ ബോംബാക്രമണവും ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്.
അഞ്ച് ദിവസം മുമ്പ് തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 330 പേർ കൊല്ലപ്പെട്ടതായാണ് യു.എൻ വ്യക്തമാക്കുന്നത്. മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.