റിയാദ്: സ്നേഹത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ പുതുക്കി ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസക്കാലത്തെ വ്രതത്തിന് ശേഷമാണ് ഇന്ന് ഈദ് ആഘോഷിക്കുന്നത്. സൗദിയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.
സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് ഇന്ന് പെരുനാൾ ആഘോഷിക്കുന്നത്. മാസപ്പിറ കാണാത്തതിനാല്‍ ഒമാനില്‍ മാത്രം ശനിയാഴ്ചയാണ് പെരുന്നാള്‍. കേരളത്തിലും ഒമാനിനൊപ്പം ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കും.
അതേസമയം സൗദിയിലെ ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ലോക മുസ്ലിംകള്‍ക്കും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേർന്നു. പെരുന്നാള്‍ സൗദി അറേബ്യക്കും ലോകത്തിനും സുരക്ഷയും സമാധാനവും കൈവരുത്തുമെന്ന് സല്‍മാന്‍ രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. ഉംറ തീര്‍ഥാടകരുടെയും ഇരുഹറം സന്ദര്‍ശകരുടെയും സൗകര്യം ഉറപ്പാക്കാനും അവരെ സേവിക്കാനും അവസരം നല്‍കി സൗദി അറേബ്യയെ ആദരിച്ച അല്ലാഹുവിന് സ്തുതി അര്‍പ്പിക്കുന്നതായും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.