കൊച്ചി: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും
അരി, തുണി എന്നിവയുടെ മൊത്തകച്ചവടക്കാരനും നെൽ കൃഷിക്കാരനുമായിരുന്ന പരേതനായ പാണപ്പറമ്പിൽ ഇസ്മെയിൽ ആണ് ഭർത്താവ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം.
മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ. ചലച്ചിത്ര അഭിനയ രംഗത്ത് സജീവമായ ദുൽക്കർ സൽമാൻ, മക്ബൂൽ സൽമാൻ, അഷ്‌ക്കർ സൗദാൻ എന്നിവർ കൊച്ചുമക്കളാണ്.